കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ട് പോകാൻ മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിനോദ മേഖലയിൽ നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ പറഞ്ഞു. ചൂഷണം അവസാനിപ്പിക്കണമെന്നും സിനിമാ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതാകണം നിയമം എന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെടുത്ത തുടർനടപടികളും സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹർജികളുമാണ് കോടതി പരിഗണിച്ചത്. സിനിമാ മേഖലയിൽ എന്ത് നടക്കുന്നുവെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിഗത വിഷയങ്ങൾ നിലവിൽ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് തൊഴിലിടത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. സ്ത്രീകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള സാധ്യത ഉണ്ടോയെന്ന് പരിശോധിക്കണം. ചൂഷണം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി വനിതാ കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് നൽകി. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസര സമത്വം ഉറപ്പു വരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തികൊണ്ടാവും പുതിയ നിയമമെന്നും വനിതാ കമ്മിഷൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് നിയമ നിർമാണം. ലൈംഗികാതിക്രമങ്ങൾ ഒഴിവാക്കുന്നതും ലിംഗ നീതി ഉറപ്പാക്കുന്നതുമാണ് മുഖ്യ ലക്ഷ്യം. സംഗീതം, സിനിമ, ടെലിവിഷൻ, നാടകം, സർക്കസ്, ഫാഷൻ എന്നിവ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞു.