ആലപ്പുഴ: നഗരത്തിൽ പൊലീസ് വാഹനം അടിച്ചു തകർത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിലെ മുഖ്യ പ്രതി പൊലീസിന്റെ പിടിയിൽ. ആലപ്പുഴ പുന്നപ്ര വലിയ പറമ്പ് വീട്ടിൽ ഡെപ്പി എന്നു വിളിക്കുന്ന ഷിയാസിനെയാണ് (26) പൊലീസ് വണ്ടാനം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ വാഹനം പ്രതിയുമായി ശവക്കോട്ട പാലത്തിൽ എത്തിയപ്പോഴാണ് മദ്യലരിയിലായിരുന്ന പ്രതികൾ വടി ഉപയോഗിച്ച് വാഹനം അടിച്ചു തകർത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
പ്രതിയായ ഷിയാസ് വണ്ടാനം ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് ഐഎസ്എച്ച്ഒ സജികുമാർ എസ്സിന്റെ നേതൃത്വത്തിൽ പൊലീസ് വണ്ടാനം ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. കേസിലെ ഒരു പ്രതിയായ ശ്യാം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഐഎസ്എച്ച്ഒ സജികുമാർ എസ്, എസ് ഐ അനീഷ് കെ ദാസ്, റോബിൻസൺ, രാജീവ്, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
			

















 
                

