കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്കി. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ല. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. തുടരന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. വധ ഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.