തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വിശദീകരണത്തിൽ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാമി തിരോധാന കേസ് , റിദാൻ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം കേസുകൾ അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നലെ ചേർന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജിപിയെ മാറ്റിനിർത്തിയത് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് വിലയിരുത്തുന്നത്.