കൊളത്തൂർ : അമ്പലപ്പടിയിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ അന്തസ്സംസ്ഥാന വാഹനമോഷ്ടാവും കൂട്ടാളിയും പിടിയിൽ. മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയിൽ ജേക്കബ് ലൂയിസ് (44), കൂട്ടാളി കോയമ്പത്തൂർ ഉക്കടം സ്വദേശി ജെയ്ലാബ്ദീൻ(46) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ കൊളത്തൂർ അമ്പലപ്പടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷണംപോയത് സംബന്ധിച്ച് കൊളത്തൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കൊളത്തൂർ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും ഇത്തരം കേസുകളിലെ മുൻ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി ജേക്കബ് ലൂയിസിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാർ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കൊളത്തൂരിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ അഞ്ചു ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാർ മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ കൊളത്തൂർ പോലീസിന് സാധിച്ചു. കേരളത്തിലെ എട്ട് ജില്ലകളിലായി എൺപതിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ജേക്കബ് ലൂയിസെന്ന് പോലീസ് പറഞ്ഞു.
മാല പൊട്ടിക്കൽ, വാഹനമോഷണം തുടങ്ങി നിരവധി കേസുകളിൽ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് മലമ്പുഴ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. ബസിൽ കറങ്ങിനടന്ന് വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കണ്ടുവെക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് രീതി. മോഷ്ടിക്കുന്ന വാഹനങ്ങൾ കോയമ്പത്തൂർ ഭാഗത്ത് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാർ അറിയിച്ചു. സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത്, എം. മനോജ്കുമാർ, കെ. ദിനേഷ്, കെ. പ്രഭുൽ, വിപിൻചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.