മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. എംആർ അജിത് കുമാറിന് കസേര മാറ്റമല്ല നൽകേണ്ടത്. സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണ്. അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈവിടാതെ പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ പ്രസ്താവനയോടും പിവി അൻവർ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അൻവർ പറഞ്ഞു. പ്രസ്താവന താൻ കേട്ടിട്ടില്ല. ജലീൽ അത്രക്ക് തരം താഴുമോയെന്നും അൻവർ ചോദിച്ചു. കേരളത്തിൽ പൂരം വരെ കലക്കി ബിജെപിക്ക് വഴിയൊരുക്കുകയാണ്. നിയമസഭയിൽ സീറ്റു മാറ്റിയതിനെതിരെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. തന്നെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കാം. അങ്ങനെയുണ്ടായാൽ നിയമപരമായി നേരിടും. എല്ലാ അഭ്യാസവും നടത്തിയാണ് നിൽക്കുന്നത്. നിവർത്തിയില്ലാതെ വന്നാൽ എംഎൽഎ സ്ഥാനം വിടുമെന്നും അൻവർ പറഞ്ഞു.
ചെന്നൈയിൽ പോയ കാര്യം പുറത്തു വിടാനായിട്ടില്ല. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈ സന്ദർശനം. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പി ശശിക്കെതിരായി നൽകിയ പരാതി സഖാക്കളും പൊതു സമുഹവും പരിശോധിക്കട്ടെ. പശ്ചിമ ബംഗാളിലെ അസ്ഥയിലേക്കാണ് സിപിഎം പോകുന്നത്. കെട്ടിവച്ച പണം പോലും കിട്ടാത്ത സ്ഥിതിയിലേക്ക് സിപിഎം സ്ഥാനാർത്ഥികൾ മാറും. സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത് നേതാക്കളുടെ അഭിപ്രായം മാത്രമാണ്. താഴേക്കിറങ്ങട്ടെ അണികൾ പ്രതികരിക്കുമെന്നും പിവി അൻവർ പറഞ്ഞു.
എഡിജിപി സ്വർണം കടത്തിയതിൽ, പൂരംകലക്കിയതിൽ കേസില്ല. ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തൻ്റെ പേരിൽ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നത്തെ പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എഡിജിപി മുഖ്യമന്ത്രിയുടെ സീമന്തപുത്രനാണ്. എന്തു വില കൊടുത്തും ബിജെപിയെ ചെറുക്കുകയാണ് തമിഴ്‌നാട്ടിൽ ഡിഎംകെയെന്നും അൻവർ കൂട്ടിച്ചേർത്തു.