അരൂർ : ട്രാവൽ ഏജൻസിയുടെ മറവിൽ വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതിയെ രണ്ട് വർഷത്തിനുശേഷം പോലീസ് പിടികൂടി. മാവേലിക്കര കുറത്തികാട് തെക്കേക്കര പഞ്ചായത്ത് മറ്റത്തേത്ത് വീട്ടിൽ ലീന ഭവാനി (43)യെയാണ് പിടികൂടിയത്. ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഫോൺ ലൊക്കേഷനുകൾ പിൻതുടർന്ന് ഇവരെ കുടുക്കിയത്. അരൂർ പോലീസ് രണ്ടു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അരൂർ എസ്.ഐ സെനി ബി, വനിതാ സിവിൽ പോലീസ് ഓഫീസർ ടി.സി. ഉഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
അരൂർ കേന്ദ്രീകരിച്ച് ‘അഡ്ലെൻ’ എന്നപേരിൽ ട്രാവൽ ഏജൻസി നടത്തിയായിരുന്നു തട്ടിപ്പ്. ന്യൂസീലൻഡിൽ ജോലി തരപ്പെടുത്താമെന്ന ഉറപ്പിൽ അഞ്ചരലക്ഷം രൂപ വീതമാണ് ഇവർ വാങ്ങിയത്. തട്ടിപ്പിനിരയായ നാലുപേരാണ് പരാതി നൽകിയത്. അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞതോടെയാണ് അറസ്റ്റ് ഉണ്ടായത്. സമാനമായ കുറ്റകൃത്യങ്ങൾക്ക് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുണ്ടെന്ന് ജില്ലി പോലീസ് മേധാവി അറിയിച്ചു. തോപ്പുംപടിയിൽ ഏഴുപേരെ പറ്റിച്ചതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.