തിരുവനന്തപുരം: നിയമസഭ ബഹളത്തെ തുടർന്ന് ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാർ പ്രതിപക്ഷമാണെന്ന് മന്ത്രിമാർ. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിമാർ പ്രതിപക്ഷത്തെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തതോടെ പ്രതിപക്ഷം പരിഭ്രാന്തരായി. വിഷയം ചർച്ച ചെയ്താൽ കാപട്യം തുറന്നു കാട്ടപ്പെടും എന്നുള്ളതാണ് പ്രതിപക്ഷത്തിനു പ്രശ്നമായതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ നിന്ന് ഒളിച്ചോടിയെന്നും പറഞ്ഞ മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും വിമർശിച്ചു.