തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദ ചോദ്യങ്ങൾ സഭയിൽ എത്താതിരിക്കാൻ ഇടപെട്ടെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മനപൂർവ്വമാണെന്നും സതീശൻ ആരോപിച്ചു. ‘ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്’ എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു.
വിവാദ വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് റദ്ദാക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് ഒരു ജനവിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉണ്ടായിരുന്നു. സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി. മലപ്പുറം എന്ന വാക്ക് ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ മോശമാക്കുന്നുവെന്നും തുടർന്നും ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.