ഫ്ലോറിഡ: ‘മിൽട്ടൺ’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 4 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ ‘മിൽട്ടൺ’ ബുധനാഴ്ച്ച നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. ‘മിൽട്ടണെ’ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെയിന്റ് പീറ്റേർസ്ബർഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ നാളെ അടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യു എസില്‍ കനത്ത നാശം വിതച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ ‘മിൽട്ടനും’ കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിലാണ് ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് ‘ഹെലൻ’ കരതൊട്ടത്. ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായിരുന്നു. ‘ഹെലൻ’ തീർത്ത ദുരിതത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി ‘മിൽട്ടൺ’ എത്തുന്നത്.