ദില്ലി: ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും ഇന്ത്യ സഖ്യവും അവസാന മണിക്കൂറുകളിലും വിജയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.