റിയാദ്: റിയാദിൽ കട കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടറും മോഷ്ടിച്ച രണ്ട് പേരെ റിയാദ് മേഖല സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. കടയുടെ ചില്ലുകൾ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പതിനായിരം റിയാലും, കടയിലെ കമ്പ്യൂട്ടറും മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. റെസിഡൻസി നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന രണ്ട് യെമൻ പൗരന്മാരാണ് പ്രതികൾ.
ഇതിന് പുറമെ പൊതുസ്ഥലത്ത് വെച്ച് വഴക്കുണ്ടാക്കിയതിന് മറ്റു രണ്ടു യെമൻ പൗരന്മാരും റിയാദ് മേഖലാ സുരക്ഷാ സേനയുടെ പിടിയിലായി. അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച മൂന്ന് എത്യോപ്യൻ പൗരന്മാരെ മയക്കുമരുന്ന് വസ്തുക്കളായ ഹാഷിഷ്, ആംഫെറ്റാമിൻ എന്നിവ കടത്തിയതിന് അറസ്റ്റ് ചെയ്തതായും റിയാദ് പോലീസ് അറിയിച്ചു.