തിരുവനന്തപുരം: നവകേരളസദസ്സിനെതിരായ പ്രതിഷേധക്കാരെ മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും സർക്കാർ ഇടപെടരുതെന്നും നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ച് വിഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെത് സ്വാഭാവിക നടപടിമാത്രമാണെന്നും പരാതിയുമായി മുന്നോട്ട് പോകാൻ കാരണമുണ്ടോ എന്ന പരിശോധനക്കാണ് നിർദ്ദേശമെന്നും മുഖ്യമന്ത്രി വേണ്ടി മന്ത്രി എംബി രാജേഷ് മറുപടി പറഞ്ഞു.
പിഎസ്,സി റാങ്ക് ലിസ്റ്റുകൾ പോലും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നിയമന നിരോധനം നടപ്പാക്കിയെന്നും നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സിപിഒ റങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് കാരനു പോലും നിയമനം ആയില്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. രാജ്യത്ത് ആകെ നടക്കുന്ന പിഎസ് സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിലാണെന്ന് ധനമന്ത്രി മറുപടി നൽകി.
കേന്ദ്രസർക്കാരിന്റെ പിരിയോഡിക് ലേബർ ഫോഴ്സ് സർവെയിലെ കണക്ക് നിരത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. തസ്തിക റിപ്പോർട്ട് ചെയ്യുന്നില്ല. പിഎസ് സി നോക്കുകുത്തിയാക്കി. ഒന്നിനും പണമില്ലെന്നാണ് പറയുന്നത്. അർജൻറീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവ കേരള സദസ് നടത്താനും പണമുണ്ടെന്ന് പരിഹാസം.
കണക്കുകൾ നിരത്തിയും മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്തുമായിരുന്നു ധന മന്ത്രിയുടെ മറുപടി. പരമാവധി നിയമനം പി.എസ്.സി വഴി നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാം ഭദ്രമെന്ന നിലപാടാണ് ധനമന്ത്രിക്കെന്നും പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ കൊടുക്കാൻ കാശില്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റന്നുവെന്നും പ്രതിപക്ഷം വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.