തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി സിപിഎം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിക്കും. സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാത്തതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കില്ല. രണ്ടുദിവസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്. ചേലക്കരയിൽ മുൻ എംഎൽഎ യുആർ പ്രദീപിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.
പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനു മോളെ സ്ഥാനാർത്ഥിയാക്കാനുള്ള ജില്ലാ ഘടകത്തിന്റെ നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പാലക്കാട് മണ്ഡലത്തിലേക്ക് ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഗവർണർ വീണ്ടും പോര് കടുപ്പിച്ചിരിക്കുന്നതിനാൽ ഗവർണർക്കെതിരെ എന്തു തുടർ സമീപനം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആലോചിക്കും.