തിരുവനന്തപുരം: കോവിഡ് ലോക്‌ഡൗണിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77 ശതമാനം വിദ്യാർത്ഥികൾ ഹാജരായി. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23 ശതമാനം വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18 ശതമാനം പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91 ശതമാനം പേരും സ്‌കൂളുകളിൽ ഹാജരായി.
എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്, 93 ശതമാനം , പത്തനംതിട്ടയിലാണ് കുറവ് ഹാജർനില, 51.9 ശതമാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്, 88.54 ശതമാനം. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്, 72.28ശതമാനം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാകുളത്ത് 97 ശതമാനവും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 ശതമാനവും പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെയ്‌തു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി വി നന്ദി അറിയിച്ചു.