ദില്ലി: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ എക്സ്പ്രസ് ഷാർജ വിമാനം സാങ്കേതിക കാരണങ്ങളാൽ തിരിച്ചിറക്കിയ സംഭവത്തിൽ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. പൈലറ്റ് ഇക്വോം റിഫാഡ്ലി ഫാഹ്മി സൈനാളിനും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്നാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനം നിറയുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.40ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിൽ പിഴവ് കണ്ടെത്തുകയായിരുന്നു. ഇതോടെ വിമാനം താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങി. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധം കത്തിത്തീർക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ഇതിനായി വിമാനം ആകാശത്ത് രണ്ട് മണിക്കൂറോളം സമയമാണ് വട്ടമിട്ട് പറന്നത്.
വിമാനം ഇടിച്ചിറക്കേണ്ടി വന്നാൽ അടിയന്തര സാഹചര്യം നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിട്ടിരുന്നു. തുടർന്ന് ആശങ്കകൾക്ക് വിരാമമിട്ട് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. സംഭവത്തിൽ, വിമാന കമ്പനിയിൽ നിന്നും വിമാനത്താവള അധികൃതരിൽ നിന്നും ഡിജിസിഎ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിവരങ്ങൾ തേടിയിട്ടുണ്ട്.