ഭൂമിക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുന്നതിനായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്ത ദൗത്യത്തിന് തുടക്കമിടുന്നു. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്ക് ഇന്ന് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം. ഈ പദ്ധതിയില്‍ നാസയുമായി സ്വകാര്യ ബഹിരാകാശ ദൗത്യ സംരംഭകരായ സ്പേസ് എക്‌സ് സഹകരിക്കുന്നുണ്ട്. സ്പേസ് എക്സിന്‍റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റാണ് ക്ലിപ്പറിനെ യൂറോപ്പയിലേക്ക് അയക്കുന്നത്. ഐതിഹാസികമായ ഗവേഷണ യാത്രയ്ക്ക് മുമ്പ് യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്‍റെ വിശേഷങ്ങള്‍ നാസ പങ്കുവെച്ചു. 1.8 ബില്യണ്‍ മൈല്‍ അകലേയ്ക്കുള്ള ദൗത്യത്തിനാണ് ക്ലിപ്പര്‍ കുതിക്കുന്നത് എന്ന് നാസ വ്യക്തമാക്കുന്നു. 2024 ഒക്ടോബര്‍ 14ന് വിക്ഷേപിക്കുന്ന ക്ലിപ്പര്‍ പേടകം അഞ്ചര വര്‍ഷം പിന്നിട്ട് 2030 ഏപ്രിലിലാണ് വ്യാഴത്തിന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക.
ഏതെങ്കിലുമൊരു ഗ്രഹ ദൗത്യത്തിനായി നാസ ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്‍റെ വലിപ്പമുള്ള യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന് 6000 കിലോഗ്രാം ഭാരമുണ്ട്. 9 നവീന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ക്ലിപ്പര്‍ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കടിയില്‍ ജീവന്‍റെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെര്‍മല്‍ ഇമേജിംഗ്, സ്‌പെക്‌ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.