കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതിലാണ് ആശങ്ക.
അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങിപ്പോയി. ഐസിഎംആർ പ്രതിനിധി കേരളത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിലും ഗുരുതരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.