കൊച്ചി : ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്ററും കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ ആഞ്ഞടിച്ച് സി.പി.എം. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്തുവന്നതെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വിമർശിച്ചു. ‘സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചത്. പി.വി. ശ്രീനിജന്റേത് പെയ്ഡ് സീറ്റ് ആണെന്ന ആരോപണത്തിന് മറുപടിയുണ്ട്. പ്രതികളിൽ സി.പി.എം-കാരുണ്ടെങ്കിലും ആളെ കൊല്ലാനാണ് പോയതെന്ന് പറയാനാകുമോ’, എന്നും ജില്ലാ സെക്രട്ടറി ആരാഞ്ഞു. കുന്നത്തുനാട്ടിലെ ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ട്വന്റി-ട്വന്റിയുടെ ആരോപണം തള്ളുകയാണ് സി.പി.എം. പ്രവർത്തകർ പ്രതികളായിട്ടുണ്ടെങ്കിലും സി.പി.എം. ആണ് ഈ കൊലയ്ക്കു പിന്നിലെന്ന് എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്നാണ് സി.എൻ. മോഹനൻ ചോദിക്കുന്നത്.
ദീപുവിന്റേത് കൊലപാതകമാണ് എന്ന വാദത്തെയും മോഹനൻ ചോദ്യംചെയ്യുന്നുണ്ട്. ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണ് സാബു എം. ജേക്കബിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 12-ാം തീയതിയാണ് ദീപുവിന് പരിക്കേറ്റ സംഭവമുണ്ടാകുന്നത്. ഇതിനു ശേഷം സാബുവും ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും എവിടെ ആയിരുന്നു? 14-ാം തീയതി ദീപുവിനെ അദ്ദേഹത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അല്ലാതെ ട്വന്റി ട്വന്റി അല്ല. ഇപ്പോൾ ദീപുവിന്റെ മൃതദേഹത്തിന് അവകാശം ഉന്നയിച്ചുവരികയാണ് ട്വന്റി ട്വന്റിയെന്നും സി.പി.എം. ജില്ലാ നേതൃത്വം പറയുന്നു.