ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു.
പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.