ഫ്ലോറിഡ: പ്രളയക്കെടുതിയിൽ ദേശീയപാതയിലെ പോസ്റ്റിൽ കഴുത്തോളം വെള്ളത്തിൽ നായയെ കെട്ടിയിട്ട ഉടമയ്ക്കെതിരെ കേസ്. ഫ്ലോറിഡയിൽ വൻ നാശം വിതച്ച മിൽട്ടൺ കൊടുങ്കാറ്റിന് തൊട്ട് മുൻപായാണ് യുവാവ് വളർത്തുനായയെ ദേശീയ പാതയ്ക്ക് സമീപത്തെ പോസ്റ്റിൽ കെട്ടിയിട്ട് മുങ്ങിയത്. ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായ ഭാഗത്ത് അവശനിലയിലാണ് അധികൃതർ നായയെ കണ്ടെത്തിയത്. ഒക്ടോബർ 9നായിരുന്നു നായയെ തമ്പയിലെ ദേശീയ പാത 75ൽ കണ്ടെത്തിയത്. വലിയ രീതിയിൽ കൊടുങ്കാറ്റും പ്രളയത്തിനും പിന്നാലെ ഈ മേഖലയിൽ നിന്ന് വലിയ രീതിയിലാണ് ആളുകൾ മാറി താമസിക്കേണ്ടി വന്നത്.
ബാധിക്കപ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി പോയ പൊലീസുകാരനാണ് കഴുത്തോളം വെള്ളത്തിൽ മുങ്ങി അവശനിലയിലായ നായയെ രക്ഷിച്ചത്. പിന്നാലെ തന്നെ വളർത്തുനായയെ അപകടകരമായ സാഹചര്യത്തിൽ ഉപേക്ഷിച്ച് പോയ ഉടമയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ജിയോവാനി ആൽഡാമ ഗാർഷ്യ എന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ രക്ഷിച്ച പൊലീസ് വളർത്തുമൃഗങ്ങളോട് ഇത്തരം ക്രൂരത അരുതെന്ന് വ്യക്തമാക്കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയുടെ സമീപത്തെ വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ആരും ശ്രദ്ധിക്കാതെ പോയിരുന്നെങ്കിൽ സമീപത്തെ ലോഹ വലയിൽ കുടുങ്ങി നായയ്ക്ക് ദാരുണാന്ത്യം നേരിടുമായിരുന്നുവെന്നാണ് അധികൃതർ വിശദമാക്കുന്നത്. ദേശീയ പാതയിലും പരിസരത്തും വെള്ളം കയറിയ അവസ്ഥയിലാണ് രക്ഷപ്പെട്ട് പോകാൻ പോലും സാധ്യതകളില്ലാതെ കുടുങ്ങിയ നിലയിലായിരുന്നു നായ ഉണ്ടായിരുന്നത്.