രണ്ട് ലോകമഹായുദ്ധങ്ങള്‍ കടന്ന് പോയ മണ്ണാണ് ജര്‍മ്മനിയുടേത്. എന്നാല്‍, ഇക്കാലമത്രയും നാശനഷ്ടം കൂടാതെ ഒരു നിധി ജർമ്മന്‍ മണ്ണില്‍ സംരക്ഷിക്കപ്പെട്ടു. മറ്റൊന്നുമല്ല. ഏതാണ്ട് 5,000 വര്‍ഷം പഴക്കമുള്ള വെങ്കലയുഗത്തില്‍ സജീവമായി ഉപയോഗിക്കപ്പെട്ടിരുന്ന വീടുകളും ഹാളുകളും അടങ്ങിയ ജനവാസമേഖലയാണ് കണ്ടെത്തിയത്. വടക്കും കിഴക്കും തമ്മിലുള്ള അക്കാലത്തെ പ്രധാന കച്ചവട പാതയായിരിക്കാം ഇവിടെമെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം പിന്നീട് ഉപേക്ഷിക്കപ്പെട്ടതാകാമെന്നും ഗവേഷകര്‍ പറയുന്നു.
ബെർലിനിൽ നിന്ന് 95 മൈൽ (150 കിലോമീറ്റർ) വടക്ക് – പടിഞ്ഞാറായിട്ടാണ് ഈ പ്രദേശം. അക്കാലത്ത് ഇവിടം ഭരിച്ചിരുന്ന ഹിൻസ് രാജാവിന്‍റെ “ട്രിപ്പിൾ ഗ്രേവി”ന് സമീപത്തായിട്ടായിരുന്നു പുതിയ കണ്ടെത്തല്‍. ഇവിടെ നിന്നും എട്ട് വീടുകളും ഒരു ഹാളുമാണ് കണ്ടെത്തിയത്. ഹിന്‍സ് രാജാവിനെയും ഭാര്യയെയും വിശ്വസ്ഥനായ ജോലിക്കാരനെയും ഒരുമിച്ച് അടക്കിയതിനാലാണ് ഇവിടം ട്രിപ്പിള്‍ ഗ്രേവ് എന്ന് അറിയപ്പെടുന്നത്. 1899 -ൽ ഈ പ്രദേശം കണ്ടെത്തിയിരുന്നെങ്കിലും ഗോട്ടിംഗെൻ സർവകലാശാലയുടെ നേതൃത്വത്തില്‍ ഇവിടെ ശാസ്ത്രീയ ഗവേഷണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം മുതലാണ്.
നോർഡിക് വെങ്കലയുഗത്തിലെ ഏറ്റവും വലിയ നിർമ്മിതികളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. 10 മീറ്റർ മുതൽ 30 മീറ്റർ വരെ നീളമുള്ള ചരിവുള്ള മേൽക്കൂരയോട് കൂടിയ രണ്ട് നിലകളുള്ള ഹാള്‍, ഒരു വിരുന്ന് മുറി, ഭരണാധികാരിയുടെ കുടുംബത്തിനുള്ള താമസസ്ഥലങ്ങൾ, കച്ചവടത്തിനോ സ്വകാര്യ ചർച്ചകള്‍ക്കോ ഉപയോഗിക്കപ്പെട്ട മുറികള്‍, ധാന്യ സംഭരണത്തിനുള്ള സ്ഥലം, അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ രക്ഷപ്പെടാനുള്ള പ്രത്യേകം വാതിലുകള്‍ എന്നിവ ഇവിടെ ഉണ്ടായിരുന്നു. ഏകദേശം ബിസി 900 മുതൽ ആഘോഷങ്ങൾക്കും വ്യാപാര മേളകൾക്കും ഇവിടം ഉപയോഗിക്കപ്പെട്ടിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.