കോതമംഗലം: എറണാകുളം കോതമംഗലത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലടിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലായി. പള്ളി പെരുന്നാളിനായൊരുക്കിയ അമ്യൂസ്മെന്റ് പാർക്കിന്റെ പണപ്പിരിവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ച്ച രാത്രി കോതമംഗലത്തെ മരിയ ബാറിൽ വച്ചാണ് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത്.
കോതമംഗലം പള്ളിപെരുന്നാളിനായൊരുക്കിയ അമ്യൂസ്മെന്റ് പാർക്കിന്റെ പണപ്പിരിവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ബാറിലെ മദ്യപാനത്തിനിടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ഇരുമ്പുവടിയും ആയുധങ്ങളുമായി ഏറ്റുമുട്ടൽ. ആലുവ സ്വദേശി മനാഫ്, കോതമംഗലം സ്വദേശി നാദിർഷ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. നാലുപേർ ആദ്യഘട്ടത്തിൽ പിടിയിലായെങ്കിലും ആറു പേർ ഒളിവിൽ പോയി. പിന്നാലെ കോതമംഗലം പൊലീസ് നടത്തിയ തെരച്ചിലിലാണ് മൂന്നു പേർക്കൂടി അറസ്റ്റിലായത്.
മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓടക്കാലി റഫീഖിന്റെയും പായിപ്ര സ്വദേശി അൻവറിന്റെയും സംഘങ്ങളാണ് ബാറിൽ ഏറ്റുമുട്ടിയത്. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ് പ്രതികളെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് കോതമംഗലം പൊലീസ് വിശദമാക്കുന്നത്.