നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്തിന് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പോലും ആരെയോ കാത്ത് നില്‍ക്കുന്നത് പോലെ ജീവിക്കുന്ന ചില മൃഗങ്ങളെ കുറിച്ച്, പ്രത്യേകിച്ചും നായകളെയും പൂച്ചകളെയും കുറിച്ച് ചിലപ്പോഴൊക്കെ വാര്‍ത്തകള്‍ വരാറുണ്ട്. സമാനമായ ഒരു വാര്‍ത്ത ഇത്തവണ ലണ്ടനില്‍ നിന്നാണ്. പറഞ്ഞുവരുന്നത് 16 വർഷമായി ലണ്ടനിലെ വാൾത്താംസ്റ്റോ ആംബുലൻസ് സ്റ്റേഷനിൽ താമസിക്കുന്ന ഒരു പൂച്ച, ‘ഡിഫിബി’നെ കുറിച്ചാണ്. ഇന്ന് അവന്‍ കുടിയിറക്ക് ഭീഷണി നേരിടുന്നു.
ഡിഫിബിനെ ആംബുലൻസ് ക്രൂ തന്നെയാണ് 16 വര്‍ഷം മുമ്പ് ദത്തെടുത്ത് വളര്‍ത്താന്‍ ആരംഭിച്ചത്. എന്നാല്‍, അടുത്തിടെ സ്റ്റേഷൻ മാനേജ്മെന്‍റ് മാറിയപ്പോള്‍, ഡിഫിബിനെ കുടിയൊഴുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ജീവനക്കാരില്‍ ചിലര്‍ക്ക് ഡിഫിബിനോട് താത്പര്യമില്ലെന്നും അതിനാല്‍ സ്വന്തം സംരക്ഷണത്തിനായാണ് ഡിഫിബിനെ സ്ഥലം മാറ്റുന്നതെന്നും പറഞ്ഞ് ലണ്ടൻ ആംബുലൻസ് സർവീസ് (എൽഎഎസ്) സ്ഥലംമാറ്റത്തെ ന്യായീകരിച്ചു.