ന്യൂഡൽഹി : റഷ്യയും യുക്രൈനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈൻ സംഘർഷം പാരമ്യത്തിൽ നിൽക്കെയാണ് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി. നേരത്തെ യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാരോട് മടങ്ങിവരാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 200-ൽ അധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡ്രീംലൈനർ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡൽഹിയിൽ ഇറങ്ങുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എയർ ബബിൾ ക്രമീകരണത്തിനുകീഴിൽ യുക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യൻ സർക്കാർ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ ഈ മാസംതന്നെ അയക്കുമെന്ന് എയർ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാന സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമാണ് വിമാനങ്ങൾ സർവീസ് നടത്തുക.