ബീച്ചിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 -കാരനെ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് കാണാതായി. ഒക്‌ടോബർ 13 -ന് കെഡുങ് തുമ്പാങ് ബീച്ചിൽ വച്ചാണ് ഇന്തോനേഷ്യയിലെ മെഡനിൽ നിന്നുള്ള 20 -കാരനായ വിനോദസഞ്ചാരി റോണി ജോസുവ സിമൻജുൻ്റക്കിനെ കാണാതായത്.
തിരമാല ആഞ്ഞടിക്കുന്നതിന് തൊട്ടുമുമ്പ് ചിത്രത്തിന് പോസ് ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പിന്നീട്, തിരമാല ആഞ്ഞടിക്കുന്നതും യുവാവിനെ മുക്കിക്കളയുന്നതും വീഡിയോയിൽ കാണാം. യുവാവിനെ കണ്ടെത്തുന്നതിനായി സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അപകടകരമായ തരത്തിൽ തിരമാലകൾ 2 മുതൽ 4 മീറ്റർ വരെ ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്.
സുഹൃത്തുക്കളോടൊപ്പം ബീച്ച് സന്ദർശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാറക്കെട്ടുകൾക്കിടയിൽ ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിനിടെ പെട്ടെന്ന് സ്ഥിതിഗതികൾ പെട്ടെന്ന് അപകടകരമായി മാറുകയായിരുന്നു. യുവാവിനായി ഏഴ് ദിവസം വരെ തിരച്ചിൽ തുടരാനാണ് അധികൃതർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഒക്ടോബർ 20 ഞായറാഴ്‌ചയ്‌ക്കുള്ളിൽ റോണിയെ കണ്ടെത്താനായില്ലെങ്കിൽ, രക്ഷാപ്രവർത്തനം നിർത്തിവച്ചേക്കാം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. വേറെയും ആളുകൾ ചിത്രങ്ങളും വീഡിയോയും ഒക്കെ പകർത്തുന്നുണ്ട്. പെട്ടെന്നാണ് കൂറ്റൻ തിരമാല ആഞ്ഞടിച്ചത്. ആ ശക്തിയിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത യുവാവ് തിരയിൽ പെട്ട് പോവുകയായിരുന്നു.