തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂർ നഗരത്തിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരുപ്പൂർ നഗരത്തിന്റെ രണ്ടാംതരം ബനിയൻ വിൽപ്പനകേന്ദ്രമായ കോട്ടൺ മാർക്കറ്റിലാണ് കൈകാലുകൾ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും കൊലപാതകം നടന്നത് നഗരവാസികൾ ഞെട്ടലോടെയാണ് കേട്ടത്. തഞ്ചാവൂർ സ്വദേശി ശ്രീധറാണ് (30) മരിച്ചത്.
മൃതദേഹം തിരുപ്പൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലക്ഷക്കണക്കിന് തൊഴിലാളികൾ ഇടതിങ്ങി താമസിക്കുന്ന നഗരത്തിൽ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുകയാണെന്ന് പോലീസ് രഹസ്യമായി സമ്മതിക്കുന്നു. തിരുപ്പൂർ സൗത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. രണ്ടുലക്ഷത്തോളം ഉത്തരേന്ത്യൻ തൊഴിലാളികൾ ഇവിടെയുണ്ട്. കഴുത്ത് വെട്ടിമാറ്റി മൃതദേഹം പെട്ടിയിലടച്ച് ഓവുചാലിൽ തള്ളിയ ചെയ്ത സംഭവങ്ങൾ തുടർച്ചയായി ഉണ്ടായത് പോലീസിന് വലിയ തലവേദനയായി. പല കേസുകളിലും കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതും പോലീസിനെ സമ്മർദത്തിലാക്കി.
കഴിഞ്ഞതിന്റെ മുമ്പത്തെ തിങ്കളാഴ്ച അസം സ്വദേശിനിയായ 26-കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിനകത്താക്കിയ നിലയിൽ ഓവുചാലിൽനിന്ന് കണ്ടെടുത്തിരുന്നു. രാവിലെ നടക്കാൻ പോയവരാണ് വിവരം പോലീസിനെ അറിയിച്ചത്. ഈ കേസിൽ ഒരാളെ അറസ്റ്റുചെയ്തെങ്കിലും യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തല വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇയാളുടെ സുഹൃത്തിനെ ഗുരുതരപരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഈ കേസിൽ തിരുപ്പൂരിൽ ജോലിക്കെത്തിയ നാല് തമിഴ്നാട് സ്വദേശികളെ പിടിച്ചെങ്കിലും മറ്റുള്ള പ്രതികളെ കണ്ടെത്താനായില്ല. ഒടുവിൽ ഈ തിങ്കളാഴ്ചയും യുവാവിനെ കൈകാലുകൾ കെട്ടി കുത്തിക്കൊലപ്പെടുത്തിയ നിലയിൽ നഗരമധ്യത്തിൽ കണ്ടെത്തി. തിരുപ്പൂർ കോർപ്പറേഷനായശേഷം ഐ.ജി. റാങ്കിലുള്ള സിറ്റി പോലീസ് കമ്മിഷണറെ നിയമിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവൊന്നുമില്ല.