കണ്ണൂര്‍: നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് കുരുക്കാകുന്നു. പി പി ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുന്‍പ് അറിവില്ലായിരുന്നുവെന്ന് കളക്ടര്‍ മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി പി ദിവ്യയുടെ പരാമര്‍ശം.
കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസിതിയിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. മൊഴിയെടുക്കല്‍ നടപടികള്‍ 30 മിനിറ്റിലധികം നീണ്ടു. താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്‍പിലും ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.
അതേസമയം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും ദിവ്യയ്ക്ക് കുരുക്കാകുന്ന കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്.