ധാക്ക: ബംഗ്ലാദേശിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ പുതിയ പ്രതിഷേധം ശക്തമാകുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധമുയർന്നത്. രോഷാകുലരായ പ്രതിഷേധക്കാർ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാരിക്കേഡുകളും മറ്റു വച്ച് ബംഗ ഭബനിലേക്കു കടക്കാതെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാർക്കുനേരെ പൊലീസ് ഗ്രനേഡുകളും പ്രയോഗിച്ചു. കഴിഞ്ഞയാഴ്ച ബംഗ്ലദേശ് മാധ്യമമായ മനബ് സമിനു നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്നായിരുന്നു പ്രസ്താവന. ബംഗ്ലാദേശിനെ വിറപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഹസീന രാജ്യംവിട്ടത്. ആന്റി–ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റാണ് ഹസീനക്കെതിരെ പ്രതിഷേധം നയിച്ചത്. അതേ സംഘടനയാണ് വീണ്ടും തെരുവിലിറങ്ങിയത്.
റിപ്പോർട്ടുകൾ പ്രകാരം, നാടുവിടുന്നതിന് മുമ്പ് ഹസീന പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന് ഔദ്യോഗിക രാജി സമർപ്പിച്ചുവെന്നാണ് പറയുന്നത്. പക്ഷേ രാജിക്കത്തിനെക്കുറിച്ച് വിവരമില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ഹസീന രാജിവെച്ചെന്ന് കേട്ടിട്ടേയുള്ളുവെന്നും എന്നാൽ രാജിവെച്ചതിന് തെളിവില്ലെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്. ഹസീനയുടെ രാജിക്കത്ത് നിയമപരമായി പ്രധാനമാണ്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാരിന് നിയമസാധുത നൽകണമെങ്കിൽ രാജിക്കത്ത് നിർബന്ധമാണ്. ഇല്ലെങ്കിൽ അധികാരം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്ന് വ്യാഖ്യാനിക്കാം.