കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പിരിഗണിച്ച് തലശ്ശേരി കോടതി. രാവിലെ 11 മണിയോടെയാണ് കോടതി അപേക്ഷയിൽ വാദം കേൾക്കാൻ ആരംഭിച്ചത്. കുറേ ഉത്തരവാദിത്വങ്ങൾ ഉള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയർന്നപ്പോൾ തന്നെ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. നിരവധി പുരസ്കാരങ്ങൾ കിട്ടിയ പൊതു പ്രവർത്തകയാണ് പിപി ദിവ്യയെന്നും സാധാരണക്കാർക്കും പ്രാപ്യമായ നേതാവാണെന്നും വാദത്തിൽ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ്. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ആളും അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തിയുമാണ്. അതിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പൊതുജനം ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയോട് പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്.
അഴിമതിക്കെതിരെ പ്രവർത്തിക്കുക എന്നത് ഉത്തരവാദിത്വമാണെന്നും 40 കൊല്ലമായി എന്റെ പാർട്ടി നേതാക്കളിൽ നിന്നും അതാണ് പഠിച്ചതെന്നും ദിവ്യ കോടതിയിൽ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് ദിവ്യ നടത്തിയത്. പരാതി ലഭിച്ചാൽ മിണ്ടാതിരിക്കണോ എന്നും ദിവ്യ ചോദിച്ചു.
മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അവരുടെ അജണ്ട ഉണ്ട്. ഗംഗധാരൻ എന്നയാളും പരാതി നൽകിയിരുന്നു. എഡിഎം നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നുവെന്നും ദിവ്യ കോടതിയിൽ വെളിപ്പെടുത്തി. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരൻ പരാതി നൽകിയത്. യഥാർത്ഥത്തിൽ പരാതി പരിഗണിക്കേണ്ടത് ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. പക്ഷെ തന്റെ പരിധിയിൽ അല്ലാത്ത കാര്യത്തിൽ എഡിഎം ഇടപെട്ടു. എഴുതി നൽകിയതല്ലാതെ എഡിഎമ്മിനെക്കുറിച്ച് നേരിട്ട് പറഞ്ഞ പരാതികളും ഉണ്ട്
പ്രശാന്ത് പരാതി നൽകിയതിന് പിറകെ എഡിഎമ്മിനെ ബന്ധപ്പെട്ടുവെന്നും എൻഒസി വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഡിഎം നടപടി എടുത്തില്ല. പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. ഇതിൽ ഇടപെടണ്ടേ എന്ന് ദിവ്യ ചോദിച്ചു. അഴിമതിക്കെതിരായാണ് ദിവ്യ ഇടപെട്ടതെന്നും പ്രതിഭാഗം വാദത്തിൽ പറയുന്നു.