കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണ്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് ദിവ്യ മൊഴിയിൽ പറയുന്നു.
അതേസമയം കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. റിമാന്‍റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നൽകണോ എന്നതിൽ അന്വേഷണ സംഘത്തിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
എഡിഎമ്മിന്‍റെ മരണത്തിൽ പാർട്ടി സ്വീകരിച്ചത് മാതൃകപരമായ നിലപാടെന്ന് മുന്‍ എംഎല്‍എ ടിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് പാർട്ടി തന്നയാണ്. ദിവ്യയെ ജനപ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അന്വേഷണം ശരിയായി നടക്കട്ടെ. സംഘടനാ തലത്തിൽ നടപടി ആവശ്യമെങ്കിൽ അതിനു ശേഷം തീരുമാനിക്കും. ഒരു മുൻവിധിയും വേണ്ട.അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കും. ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.