ദില്ലി: അർബൻ നക്സലുകളെ സഖ്യത്തെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിഭജിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. അർബന് നക്സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാടുകളിൽ വളർന്ന നക്സലുകൾ ഇപ്പോൾ ഇല്ലാതായി. എന്നാല്‍ പുതിയ അർബൻ നക്സലിസം രൂപപ്പെട്ടു. വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ ക്ഷയിപ്പിക്കുന്ന ഇവരെ തിരിച്ചറിഞ്ഞ് നേരിടണമെന്നും മോദി പ്രതികരിച്ചു. രാഷ്ട്രീയ ഏകതാ ദിവസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിവിധ സേന വിഭാഗങ്ങൾ അണിനിരന്ന ഏകതാ പരേഡിൽ പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യം, സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി. ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.