കോഴിക്കോട് : കൊടകര കള്ളപ്പണക്കേസിൽ മറച്ചു വെച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നുണ്ട്. കേരള പോലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പോലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരൻമാരെ നിർത്തിയത് പരസ്പര ധാരണയുടെ തെളിവാണ്. മുരളീധരൻ വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യം പുറത്ത് പറയുന്നില്ല. പര്യടനത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്ക് 17 ന് വൈകിട്ട് തന്നെ അറിയിപ്പ് കൊടുത്തിരുന്നു. മുരളീധരൻ അടക്കം അറിയിപ്പ് കൊടുത്തിരുന്നു. പാലക്കാട് നിന്ന് പാർട്ടി വിട്ട പ്രാദേശിക നേതാക്കളെ തനിക്ക് അറിയില്ലെന്നും വിഡി സതീശന പറഞ്ഞു. കെ മുരളീധരൻ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.












