പാലക്കാട് : കോൺഗ്രസ് ജസ്റ്റ് മിസ്സിനാണ് രക്ഷപെട്ടതെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലായെന്നും ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എം പി. കോൺഗ്രസിന് കള്ളപണം വരുന്നു എന്ന വാർത്ത ചോർന്നത് ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് പേരിൽ നിന്നാണെന്നാണ് റഹീം പറയുന്നത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരടങ്ങുന്ന നാല് പേരിൽ മാത്രമാണ് ഈ രഹസ്യ ഇടപാട് നടന്നതെന്നും ഇവരിൽ നിന്നൊരാളിൽ നിന്നാണ് വിവരം വെളിയിൽ പോയതെന്നും റഹീം പറഞ്ഞു. റഹീമിന്റെ വാക്കുകള്‍ ഇങ്ങനെ ; ജസ്റ്റ് മിസാണ്. ജസ്റ്റ് മിസിൽ കോൺഗ്രസ് ആശ്വസിക്കുന്നുണ്ട്. പോലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോർഡ് റൂമിൽ ചേർന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ് എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോർഡ് റൂമിൽ സിസിടിവി ഇല്ല. നാലു പേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് നേതൃത്വം മാറി”. കള്ളപണ ഇടപാട് മറച്ചുവെയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം കോൺഗ്രസ് ആരോപിക്കുന്നതെന്നും, റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ പരിഹാസങ്ങളിൽ വിഷമമില്ല എന്നും റഹീം അറിയിച്ചു.