പാലക്കാട് : പോലീസ് റെയ്ഡുമായി ബന്ധപെട്ടുണ്ടാവുന്ന അന്വേഷണത്തിൽ തനിക്ക് യാതൊരു ഭയവുമില്ലായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്നെ മോശക്കാരനാക്കാനായി അന്വേഷണം നീട്ടികൊണ്ടു പോകാൻ നോക്കേണ്ടായെന്നും റെയ്ഡുമായി ബന്ധപ്പെട്ട് കേസ്സെടുത്താൽ അതും തനിക്ക് അനുകൂലമാവുമെന്നും രാഹുൽ പറഞ്ഞു. തൃക്കാക്കരയിൽ വി ഡി സതീശൻ അശ്ലീല വിഡിയോ നിർമ്മിച്ചെന്ന ആരോപണം പോലെ തന്നെ ഇതും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കുമെന്നും അതുവരെ തന്നെ മോശക്കാരനാക്കാൻ അന്വേഷണം നീട്ടികൊണ്ടുപോകാൻ നോക്കുന്നത് നടക്കില്ലയെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾക്ക് റെയ്ഡിന് പിന്നിലെ യാഥാർഥൃം മനസ്സിലായെന്നും റെയ്ഡിനെ പറ്റി സിപിഐഎമ്മിൽ തന്നെ രണ്ട് അഭിപ്രായമാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎമ്മിലെ രണ്ട് നേതാക്കളും ഒന്നോ രണ്ടോ മാധ്യമ പ്രവർത്തകരോ ചേർന്നു നടത്തിയ ഗൂഢാലോചനയാണിതെന്നും രാഹുൽ പ്രതികരിച്ചു.