പാലക്കാട് : മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവ സമ്പത്തുള്ള നേതാക്കളെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു. പിടയുന്ന ഹൃദയവുമായാണ് മുരളീധരൻ പ്രചാരണത്തിന് വന്നത്. അച്ഛനെയും അമ്മയെയും അധിക്ഷേപിച്ചവർക്ക് വോട്ട് ചോദിക്കാൻ കഴിയില്ല. ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ട് വന്നു എന്ന സന്ദേശമാണ് കെ മുരളീധരൻ നൽകിയതെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ കുതിപ്പിലാണ് ബിജെപി അപ്രസക്തമായതെന്ന് മന്ത്രി പറഞ്ഞു. ബിജെപിയെ പ്രമോട്ട് ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് ചെയ്യുന്നത് പാഴ്വേലയാണ്. എൽഡിഎഫിന് പാലക്കാട് ആശങ്കയില്ല.
കഴിഞ്ഞ തവണ ബിജെപിയ്ക്ക് വോട്ട് ചെയ്തവർ എല്ലാവരും ബിജെപി അല്ല. ശ്രീധരന് വോട്ട് ചെയ്തവർ ഇത്തവണ പി സരിന് വോട്ട് ചെയ്യും. എസ്ഡിപിഐക്ക് കൈകൊടുത്ത കോൺഗ്രസിന് സരിന് കൊകൊടുക്കാൻ മടിയാണ്. വി ഡി സതീശൻ ബിജെപിയ്ക്ക് കൈ കൊടുക്കുന്നുവെന്നും മറുകൈ കൊണ്ട് എസ്ഡിപിഐക്കും വി ഡി സതീശൻ കൈകൊടുക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. മതനിരപേക്ഷ വാദികൾ വിശ്വസിച്ച് ഇടതുപക്ഷത്തിന് കൈ നൽകുമെന്നും മന്ത്രി പറഞ്ഞു. സരിന്റെ മികവിൽ ആർക്കും സംശയമില്ല. എൽഡിഎഫ് യുഡിഎഫ് മത്സരം സൃഷ്ടിക്കാൻ കഴിഞ്ഞു. ബിജെപി പൂർണ്ണമായും പിന്തള്ളപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ കുതിപ്പാണ് പാലക്കാട് തിരഞ്ഞെടുപ്പ് ചർച്ച ആക്കിയത്. രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് എൽഡിഎഫാണ്. രാഷ്ട്രീയ മേൽകൈ നിലനിർത്താൻ കഴിയും. വട്ടിയൂർക്കാവിൽ നേടിയതുപോലെ അട്ടിമറി വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.