തിരുവനന്തപുരം : ഇ പി ജയരാജനെ പുറത്താക്കാനാണ് സിപിഐഎമ്മിന്റെ നീക്കമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്‌സ് മിണ്ടാത്തത് പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപിക്കാണ് വിജയ സാധ്യതയെന്നും പി സരിനുള്‍പ്പെടെ ബിജെപിക്ക് വോട്ട് ചെയ്യാനാണ് സാധ്യതയെന്നാണ് വിശ്വസ്തരില്‍ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. ഇപിയുടെ സ്റ്റോറി ആര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്? ഇപി ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്‌സ് മിണ്ടാത്തത്? ഓര്‍ഗനൈസ്ഡ് ക്രൈം ആണ് ഇപിയുടെ പുസ്തക വിവാദം. പി ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഇതിന് പിന്നില്‍. എല്ലാം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. പേടിച്ചിട്ടാണ് ഡിസി ബുക്‌സ് വാ തുറക്കാത്തത്. പി ശശി ഡിസി ബുക്‌സിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ ശേഷിയുള്ള മന്ത്രിമാര്‍ ആരും സഭയിലില്ല. തലശ്ശേരി കോടതി ഇന്ത്യയില്‍ തന്നെ അല്ലെ, പാകിസ്ഥാനില്‍ അല്ലല്ലോ. ഇപി ജയരാജന്‍ വിവാദവുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ ചില തെളിവുകള്‍ ഉണ്ട്. ചില ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പടെ ഉണ്ട്. അതൊക്കെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.