പാലക്കാട് : കോടികള്‍ മുടക്കി നിര്‍മിച്ച പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ശുചിമുറിയില്ലാതെ വലഞ്ഞ് യാത്രക്കാരും ജിവനക്കാരും. ശുചിമുറി നിര്‍മിച്ചിട്ടും ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ ഇതുവരെ ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടില്ല. എട്ട് കോടി രൂപ മുതല്‍ മുടക്കിലാണ് ബസ് സ്റ്റാന്റ് നിര്‍മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് പുതിയ സ്റ്റാന്റിന്റെ നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തില്‍ രണ്ടും മൂന്നും നിലകളിലായാണ് ശുചിമുറികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ രണ്ട് നിലകളിലെയും ശുചിമുറികള്‍ താഴിട്ട് പൂട്ടിയ നിലയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റാന്റിന്റെ ഉദ്ഘാടനം പൂര്‍ത്തിയായത്. വീടുകളില്‍ വെക്കുന്ന സെപ്റ്റിക് ടാങ്കാണ് ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ പൊലീസ് ഔട്ട്‌പോസ്റ്റില്ലെന്നും ആരോപണമുണ്ട്. സിസിടിവിയും സ്ഥാപിച്ചിട്ടില്ല. സ്റ്റാന്റില്‍ മദ്യപാനികളുടെ ശല്യം പതിവാണ്. പിടിച്ചുപറിക്കാരുള്‍പ്പെടെയുള്ളവരുടെ ശല്യം സ്റ്റാന്റിലുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.