തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നൽകാൻ പിജി ഡോക്ടർമാരില്ല. പരീക്ഷക്ക് മൂന്ന് മാസം മുന്നേ അവസാന വർഷ വിദ്യാർത്ഥികൾക്ക് സ്റ്റഡീ ലീവ് നൽകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ജനുവരി 24നാണ് പിജി ഡോക്ടറന്മാരുടെ പരീക്ഷ. അതിന് നവംബർ ഒന്ന് മുതൽക്കെ അവധി നൽകി. ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകിയത്. ഇതോടെ കാഷ്വാലിറ്റിയിൽ ഉൾപ്പടെ ജനറൽ മെഡിസിൻ വിഭാഗത്തിലെ പിജി ഡോക്ടർമാരെ ലഭ്യമാകുന്നില്ല. ഇരുന്നൂറിലധികം രോഗികളെ ഒരു ദിവസം ജനറൽ മെഡിസിൻ വാർഡിൽ അഡ്മിറ്റ് ചെയ്യാറുണ്ട്. ഇവരെ ചികിത്സിക്കാനായി നിരവധി ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജുകൾ രണ്ടാഴ്ച മാത്രമാണ് അവധി നൽകാറുള്ളത്. എന്നാൽ എച്ച്ഒഡിയാണ് ഇത്തരത്തിൽ ഒരു അസാധാരണ ലീവ് നൽകിയത്. ഇതോടെ ഒന്നാം വർഷ, രണ്ടാം വർഷ പിജി ഡോക്ടർമാർ മാത്രമാണ് വാർഡുകളിൽ ഡ്യൂട്ടിക്കുള്ളത്. ഇവർക്ക് അധിക ഡ്യൂട്ടി എടുക്കേണ്ടിവരുന്നുവെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നുവെന്നും പരാതിയുണ്ട്.