കൊച്ചി : പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒപ്പം തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദ്ദേശം. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു. 2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.