ചേലക്കര : ചേലക്കരയിൽ ഭരണവിരുദ്ധ വികാരം അലയടിക്കും എന്ന് മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് എൽഡിഎഫിന് രണ്ടാം സ്ഥാനം പോലും കിട്ടാത്തതിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ചേലക്കരയിലെ വിജയത്തിൽ ആവേശം കൊള്ളുന്നു. പാലക്കാട് എന്തുകൊണ്ട് രണ്ട് സ്ഥാനം പോലും കിട്ടിയില്ല എന്ന് പാഠം പഠിക്കേണ്ടതുണ്ട്. ജനങ്ങളുടെ വിധിയെഴുത്തിനെ ആദരപൂർവ്വം കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ കോൺഗ്രസ് മറന്നുപോകുന്നു. ഇന്ത്യ സഖ്യത്തിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. ബിജെപിയാണോ ഇടതുപക്ഷമാണോ മുഖ്യശത്രു എന്ന് അറിയാത്തതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് അദ്ദേഹം വിമർശിച്ചു. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ്-എൽഡിഎഫ് മത്സരം അനിവാര്യമാണ്. വയനാട്ടിൽ നടത്തിയത് അർത്ഥഗർഭമായ രാഷ്ട്രീയ പോരാട്ടം. രാഷ്ട്രീയമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. സത്യൻ മൊകേരി കമ്മ്യൂണിസ്റ്റ് നേതാവിനെ പോലെ പോരാട്ടരംഗത്ത് ഉറച്ചുനിന്നു. ഫലം എന്തായാലും വിനയ പൂർവ്വം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഒരു സോപ്പ് കുമിള പൊട്ടിപ്പോയി എന്ന് മാത്രമാണ് അൻവറിനെ കുറിച് പറയാനുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു.