കൊച്ചി : ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷന്‍. വാര്‍ത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം സര്‍ക്കാരിന് സമര്‍പ്പിച്ചു.’വളയിട്ട കൈകളില്‍ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീ പദവിയുടേയും അതിന്റെ മാന്യതയുടേയും മുന്‍പില്‍ അപ്രസക്തമാണ്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാവുമ്പോള്‍ ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.
സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന ‘ഒളിച്ചോട്ട’ വാര്‍ത്തകളില്‍ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി’ എന്ന രീതിയില്‍ സ്ത്രീകളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരം വാര്‍ത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കല്‍, ശിശു സംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നുമുള്ള മട്ടിലുള്ള ചിത്രീകരണവും ഒഴിവാക്കണം. ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണം. ഭാഷാ വിദഗ്ധന്‍, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറ് മാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.