ആലപ്പുഴ : ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സ്കാനിങ് ലാബുകൾക്കെതിരെ പ്രാഥമിക റിപ്പോർട്ട് നൽകിയ ജില്ലാതല അന്വേഷണ സമിതി പിരിച്ചു വിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ച അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാതലസംഘവും നൽകുന്ന റിപ്പോർട്ട് വ്യത്യസ്തമായാൽ വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ് ജില്ലാ അന്വേഷണ സമിതിയെ പിരിച്ചുവിട്ടത്. ഇനി സംഭവം അന്വേഷിക്കുക ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതി മാത്രമായിരിക്കും. സ്കാനിങ് റിപ്പോർട്ടിൽ ഒരേ ഡോക്ടർക്ക് രണ്ട് ഒപ്പ് കണ്ടെത്തിയ സംഭവവും ആരോഗ്യവകുപ്പ് അന്വേഷിക്കും. കൂടാതെ കുഞ്ഞിനെ ജനിതക പരിശോധനയ്ക്ക് വിധേയമാക്കും. തെളിവുകൾ ശേഖരിക്കാൻ സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.