കോട്ടയം : ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് കണമല അട്ടിവളവില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപമാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയായിരുന്നു.
വലിയ അപകട സാധ്യതയാണ് ഇവിടെ ഉള്ളത്. അപകട സാധ്യത കണക്കിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പട്രോളിങ് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. മീനച്ചിലാറില്‍ തീക്കോയ്, ചേരിപ്പാട് ഭാഗങ്ങളില്‍ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മണിമലയാറ്റില്‍ മുണ്ടക്കയത്തും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നലെ പെയ്ത ശക്തമായ മഴയില്‍ നിരവധി തോടുകള്‍ കരകവിഞ്ഞൊഴുകി.
റോഡുകളിലും വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മണര്‍ക്കാട് ബൈപ്പാസിലെ നാലു മണിക്കാറ്റ് ഭാഗം റോഡില്‍ ഇന്നലെ രാത്രി വെള്ളം കയറി. ദേശീയപാത 183 ല്‍ വട്ടമലപ്പടിയില്‍ വെള്ളം കയറി. ഞായറാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. എംസി റോഡില്‍ രണ്ടടിയോളം ഉയരത്തില്‍ വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡില്‍ വില്ലേജ് ഓഫീസിന് സമീപവും പേരൂര്‍ കവല ഭാഗത്തെയും കടകളില്‍ വെള്ളം കയറി. പേരൂര്‍ കവല, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, വൈക്കം റോഡ്, പോസ്റ്റ് ഓഫിസ് ജംഗ്ഷന്‍ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറിയിരുന്നു. ഓടകള്‍ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം.