വാഷിങ്ടൺ : താനായിരുന്നു അധികാരത്തിലെങ്കിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് പുതിൻ ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് റേഡിയോ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ‘യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുതിൻ നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതൽ കൂടുതൽ സമ്പന്നനാകുക എന്ന പുതിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുക’, ട്രംപ് പറഞ്ഞു.
കിഴക്കൻ യുക്രൈനിലെ വിമത മേഖലകളായ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച പുതിന്റെ നടപടിയെ കുറിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡൻ സർക്കാർ ദുർബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. വ്ളാഡിമിർ പുതിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയിൽ അധികാരത്തിലെങ്കിൽ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാൻ പുതിൻ മുതിരുകയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിലെ അമേരിക്കൻ ഇടപെടലുകളെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയത്. യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. യുക്രൈനിലേക്ക് തങ്ങൾ സൈനികരെ അയക്കില്ലെന്നും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.