തിരുവനന്തപുരം : പാലോട് നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. അഭിജിത്തിനെ ആണ് പാലോട് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലോട് കൊന്നമൂട് സ്വദേശിയായ ഇന്ദുജയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദുജയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇന്ദുജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.