ആലപ്പുഴ : മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്‍ത്താവ് കുട്ടികൃഷ്ണനാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നരവയസ്സുകാരിയായ മകളുടെ മുന്നില്‍വെച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് ജയന്തിയെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഇരുപത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ഒന്നേകാല്‍ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്‍ വെച്ച് ജയന്തിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ് കുമാര്‍ വാദിച്ചത്.
കുട്ടികൃഷ്ണന്റെ പ്രായവും ആരുടേയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. വിവാഹശേഷം മാന്നാര്‍ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസിക്കുകയായിരുന്നു കുട്ടികൃഷ്ണന്‍. ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണന്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തി തൊട്ടടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുമ്പോഴാണ് കൃത്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റിലായ കുട്ടികൃഷ്ണന്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും മുങ്ങുകയുമായിരുന്നു. ഇതോടെ കേസില്‍ വിചാരണ വൈകി.




















