തിരുവനന്തപുരം : മാധ്യമങ്ങൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2014 മുതൽ മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ താഴേക്കാണ് പോകുന്നതെന്നും മാധ്യമ പ്രവർത്തകരുടെ സുരക്ഷയിലും റാങ്കിങിലും രാജ്യം ഏറെ പിന്നിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. അധികാര കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്നത്. മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾ വാർത്തയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് ഉപദേശിക്കുന്നതിൽ കാര്യമില്ല. ആരുടെയെങ്കിലും ഉപദേശപ്രകാരം നടത്തേണ്ടതല്ല മാധ്യമപ്രവർത്തനം. ഉപദേശം അനുസരിക്കാൻ മാധ്യമപ്രവർത്തകരെ മൂലധന ശക്തികൾ അനുവദിക്കുന്നുമില്ല. മാധ്യമപ്രവർത്തനം സാംസ്കാരിക പ്രവർത്തനമാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൂലധന ശക്തികൾ മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നുവെന്നും കോർപ്പറേറ്റ് താല്പര്യങ്ങൾ ഇടതുപക്ഷത്തിന് എതിരാണെന്നും ഇടതുപക്ഷ വിരുദ്ധതയാണ് ഇവരുടെ മുഖമുദ്രയെന്നും മുഖ്യമന്ത്രി. ഉപദേശിച്ച് നന്നാക്കാൻ സാധിക്കില്ലായെന്ന് പറയുമ്പോഴും ചില കാര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ജാഗ്രത കാണിക്കാൻ കഴിയും. വർഗീയ പ്രചരണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകും. ഊഹാപോഹങ്ങളും കിംവദന്തികളും പടർത്താതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ പടർന്നാൽ നാടിന്റെ നിലനിൽപ്പ് തന്നെ അത് അവതാളത്തിലാക്കും. വ്യാകരണ തെറ്റ് പോലും ശരിയാക്കാനുള്ള സമയമെടുക്കാതെ ഉള്ള ബ്രേക്കിംഗ് ന്യൂസ് സംസ്കാരം ശരിയാണോ എന്ന് ചിന്തിക്കണം. വികാരങ്ങളുടെ പിന്നാലെ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.