ആലപ്പുഴ : കളർകോട് വാഹനാപകടത്തിൽ ഉടമയ്ക്ക് വിദ്യാർഥികളുമായി ബന്ധമില്ലായെന്ന് എംവിഡി. വാഹന ഉടമ വിദ്യാർഥികൾക്ക് പണത്തിനാണ് വാഹനങ്ങൾ നൽകിയതെന്നും ഇയാൾക്ക് വിദ്യാർഥികളെ മുൻ പരിചയം ഇല്ലായെന്നും മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. തുടർനടപടികൾ കോടതി നിർദേശിക്കും. അപകടത്തിൽപ്പെട്ട കാറിൻ്റെ ഉടമായായിരുന്ന ഷാമിൽഖാൻ വിദ്യാർഥികളുമായുള്ള സൗഹ്യദത്തിൻ്റെ പുറത്ത് വാഹനം കൊടുത്തു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ റിപ്പോർട്ട് വന്നതോടെ ഇത് കള്ളമാണ് എന്ന് തെളിഞ്ഞു. വാഹനവുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആർ സി റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം തിങ്കളാഴ്ച മുതൽ അപകടം നടന്ന മേഖലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. വെളിച്ചമില്ലാത്തതും റോഡിന് വീതിയില്ലാത്തതുമായ പ്രശ്നങ്ങൾ പരിശോധിച്ചാവും റിപ്പോർട്ട് തയ്യാറാക്കുക.