തിരുവനന്തപുരം : പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ അജാസിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. പാലോട് ഗവ. ആശുപത്രിയിലാണ് പരിശോധനയ്ക്ക് കൊണ്ടുപോയത്. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റേതാണ് ഇന്ദുജയ്ക്ക് അവസാനമായി വന്ന കോളെന്നും പോലീസ് കണ്ടെത്തിയിരുന്നു. അജാസിൻ്റെ കോൾ വന്നതിന് പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. അജാസിൻ്റെയും ഭർത്താവ് അഭിജിത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തും.
അജാസ് ഇന്ദുജയെ മർദിച്ചതെന്നാണ് ഭർത്താവായ അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു ദിവസം മുൻപാണ് അജാസ് മർദിച്ചത്. കാറിൽവെച്ചായിരുന്നു മർദ്ദനമെന്നും അഭിജിത്ത് നൽകിയ മൊഴിയിൽ പറയുന്നു.
അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇരുവരുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു. അഭിജിത്തും ഇന്ദുജയും അജാസും ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചവരാണ്. ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമായിരുന്നില്ല.
കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മിൽ വഴക്കിട്ടിരുന്നു. അജാസിന്റെ പേരിൽ ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായി കൂടുതൽ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും.
അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പട്ടികജാതി വകുപ്പ് പ്രകാരമുള്ള കുറ്റവും ദേഹോപദ്രവം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവയാണ് അജാസിനെതിരെ ചുമത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.